ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്ര ദൃശ്യ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ പ്രചാരണ പരസ്യങ്ങളില്‍ ആരാധനാലയങ്ങള്‍, മതഗ്രന്ഥങ്ങള്‍, മതചിഹ്നങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് മാതൃക പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കുമെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. മാതൃക പെരുമാറ്റച്ചട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം സൈനികരുടെ ചിത്രം, സൈനികര്‍ പങ്കെടുക്കുന്ന പരിപാടികളുടെ ചിത്രം, മറ്റ് പാര്‍ട്ടികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എതിരായ തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍, സ്ഥാനാര്‍ഥിയുടെ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത അവരുടെ സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കല്‍, മറ്റ് രാജ്യങ്ങള്‍ക്ക് എതിരെയുള്ള വിമര്‍ശനം, മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ നേരെയുള്ള വിമര്‍ശനം, അശ്ലീലമോ അപകീര്‍ത്തികരമോ ആയ പരാമര്‍ശം, അക്രമത്തിനുള്ള പ്രേരണ നല്‍കല്‍, കോടതിയലക്ഷ്യം, രാഷ്ട്രപതി, നീതിന്യായ വ്യവസ്ഥ എന്നിവയുടെ വിശ്വാസ്യതയെ ചോദ്യചെയ്യുക, രാഷ്ട്രത്തിന്റെ ഐക്യം, പരമാധികാരം, അഖണ്ഡത എന്നിവയെ ബാധിക്കുന്ന വിമര്‍ശനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നു. സ്വതന്ത്രവും നിക്ഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങളില്‍ മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
With religious symbols or in the background of places of worship No political ads